തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി. ശ്രീജിത്തിന് അനുകൂലമായി സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളി. റിപ്പോർട്ട് നൽകിയ ആഭ്യന്തര വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ജസ്റ്റീസ് ബദറുദ്ദിൻ രൂക്ഷമായി വിമർശിച്ചു.
ശ്രീജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഒരുമിച്ച് ഇരുത്തി കേട്ടത് ശരിയായ നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണ വിധേയൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായതിനാൽ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് പരാതിക്കാരനെ വീണ്ടും കേട്ട് വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ച് പുതിയ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകി. എല്ലാ നടപടികളും മൂന്നാഴ്ചക്കകം പൂർത്തിയാക്കണമെന്നും ഹർജി ഓഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.